Month: മെയ് 2020

ശിശുക്കളില്‍ നിന്നു പഠിക്കുക

കെനിയയിലെ നെയ്റോബിയിലുള്ള ചേരികളിലൊന്നിലേക്ക് ഞാനും ഒരു സുഹൃത്തും പ്രവേശിച്ചപ്പോള്‍, ഞങ്ങള്‍ സാക്ഷ്യം വഹിച്ച ദാരിദ്ര്യത്താല്‍ ഞങ്ങളുടെ ഹൃദയം നടുങ്ങി. എന്നിരുന്നാലും, അതേ പശ്ചാത്തലത്തില്‍, ചെറിയ കുട്ടികള്‍ ഓടുന്നതും ''മക്ക്ചുങ്ങാജി, മക്ക്ചുങ്ങാജി!'' (സ്വഹിലി ഭാഷയില്‍ ''പാസ്റ്റര്‍'') എന്ന് വിളിച്ചുപറയുന്നതും ഞങ്ങള്‍ കണ്ടപ്പോള്‍, തെളിഞ്ഞ വെള്ളം പോലുള്ള വ്യത്യസ്ത വികാരങ്ങള്‍ ഞങ്ങളിലുളവായി. ഞങ്ങളോടൊപ്പം വാഹനത്തില്‍ അവരുടെ ആത്മീയ നേതാവിനെ കണ്ടപ്പോള്‍ അവരുടെ സന്തോഷം നിറഞ്ഞ പ്രതികരണം ഇതായിരുന്നു. ഈ ആര്‍ദ്രമായ വാക്കുകളിലൂടെ, കൊച്ചുകുട്ടികള്‍ അവരുടെ കരുതലിനും താല്പര്യത്തിനും പേരുകേട്ട ഒരാളെ സ്വാഗതം ചെയ്തു.

യേശു കഴുതപ്പുറത്തു കയറി യെരൂശലേമില്‍ എത്തിയപ്പോള്‍, അവനെ സന്തോഷത്തോടെ എതിരേറ്റവരില്‍ കുട്ടികളും ഉണ്ടായിരുന്നു. ''കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍! . . ദാവീദ് പുത്രന് ഹോശന്ന' (മത്തായി 21:9,15). എന്നാല്‍ യേശുവിനെ സ്തുതിക്കുന്ന ശബ്ദം മാത്രമായിരുന്നില്ല അന്തരീക്ഷത്തില്‍ അലയടിച്ചിരുന്നത്. യേശു പുറത്താക്കിയ പൊന്‍വാണിഭക്കാരുടെ എതിര്‍പ്പിന്റെ ശബ്ദവും അവിടെ ഉയര്‍ന്നു കേട്ടു (വാ. 12-13). കൂടാതെ, അവന്റെ കാരുണ്യ പ്രവൃത്തികള്‍ക്കു സാക്ഷ്യം വഹിച്ച ''പ്രകോപിതരായ'' മതനേതാക്കളും അവിടെയുണ്ടായിരുന്നു (വാ. 14-15). കുട്ടികളുടെ സ്തുതികളില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചു (വാ. 16) അതുവഴി അവരുടെ ഹൃദയത്തിന്റെ ദാരിദ്ര്യം തുറന്നുകാട്ടി.

യേശുവിനെ ലോകത്തിന്റെ രക്ഷകനായി അംഗീകരിക്കുന്ന എല്ലാ പ്രായത്തിലുള്ളവരും എല്ലാ സ്ഥലങ്ങളിലുള്ളവരുമായ ദൈവമക്കളുടെ വിശ്വാസത്തില്‍ നിന്ന് നമുക്ക് പഠിക്കാം. അവനാണ് നമ്മുടെ സ്തുതിയും നിലവിളിയും കേള്‍ക്കുന്നത്, ശിശുസമാനമായ വിശ്വാസത്തോടെ നാം അവനിലേക്ക് വരുമ്പോള്‍ അവിടുന്ന് നമ്മെ പരിപാലിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.

എന്നേക്കുമുള്ള സ്‌നേഹം

വര്‍ഷങ്ങള്‍ക്കു മുമ്പ്, എന്റെ നാലു വയസ്സുകാരനായ മകന്‍, എനിക്ക് തടിയില്‍ കൊത്തിയുണ്ടാക്കി ലോഹ ചട്ടക്കൂടില്‍ ഉറപ്പിച്ച ഒരു ഹൃദയം സമ്മാനമായി നല്‍കി. അതില്‍ 'എന്നേക്കും' എന്ന് ആലേഖനം ചെയ്തിരുന്നു. ''ഞാന്‍ മമ്മിയെ എന്നേക്കും സ്‌നേഹിക്കുന്നു, മമ്മി,'' അതു നല്‍കിക്കൊണ്ട് അവന്‍ പറഞ്ഞു.

അവനെ ആലിംഗനം ചെയ്തുകൊണ്ട് ഞാന്‍ അവന് നന്ദി പറഞ്ഞു. 'ഞാന്‍ നിന്നെ വളരെ സ്‌നേഹിക്കുന്നു.''

അമൂല്യമായ ആ സമ്മാനം ഇപ്പോഴും എന്റെ മകന്റെ ഒരിക്കലും തീരാത്ത സ്‌നേഹത്തെക്കുറിച്ച് എനിക്ക് ഉറപ്പുനല്‍കുന്നു. കഠിനമായ ദിവസങ്ങളില്‍, എന്നെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും മധുരമുള്ള ആ സമ്മാനത്തെ ദൈവം ഉപയോഗിക്കുന്നു.

ദൈവവചനത്തിലുടനീളം പ്രകടിപ്പിക്കുകയും അവന്റെ ആത്മാവിനാല്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തതുപോലെ, ദൈവത്തിന്റെ നിത്യസ്‌നേഹത്തിന്റെ ദാനത്തെക്കുറിച്ചും ഈ ഫ്രെയിം എന്നെ ഓര്‍മ്മിപ്പിക്കുന്നു. സങ്കീര്‍ത്തനക്കാരനെപ്പോലെ ദൈവത്തിന്റെ മാറ്റമില്ലാത്ത നന്മയെ വിശ്വസിക്കാനും അവിടുത്തെ നിലനില്‍ക്കുന്ന സ്‌നേഹത്തെ സ്ഥിരീകരിക്കുന്ന നന്ദിയുള്ള സ്തുതിഗീതങ്ങള്‍ ആലപിക്കാനും നമുക്ക് കഴിയും (സങ്കീര്‍ത്തനം 136:1). എല്ലാറ്റിനേക്കാളും വലുതായി നമുക്ക് കര്‍ത്താവിനെ ഉയര്‍ത്താന്‍ കഴിയും (വാ. 2-3), കാരണം, അവന്റെ അനന്തമായ അത്ഭുതങ്ങളെയും പരിമിതികളില്ലാത്ത അറിവിനെയും നാം പ്രതിഫലിപ്പിക്കുന്നു (വാ. 4-5). നമ്മെ എന്നെന്നേക്കുമായി സ്‌നേഹിക്കുന്ന ദൈവം ആകാശത്തിന്റെയും ഭൂമിയുടെയും ജ്ഞാനവും കരുതലുമുള്ള സ്രഷ്ടാവാണ്. അവന്‍ സമയത്തെയും നിയന്ത്രിക്കുന്നവനാണ് (വാ. 6-9).

സങ്കീര്‍ത്തനക്കാരന്‍ ആലപിച്ച നിത്യസ്‌നേഹം നമ്മുടെ സര്‍വ്വശക്തനായ സ്രഷ്ടാവും പരിപാലകനും അവന്റെ മക്കളുടെ ജീവിതത്തിലേക്ക് പകര്‍ന്ന അതേ സ്‌നേഹമാണ് എന്നതിനാല്‍ നമുക്ക് സന്തോഷിക്കാം. നാം അഭിമുഖീകരിക്കുന്നതെന്തായാലും, നമ്മെ സൃഷ്ടിക്കുകയും നമ്മോടൊപ്പം വസിക്കുകയും ചെയ്യുന്നവന്‍ നമ്മെ നിരുപാധികമായും പൂര്‍ണ്ണമായും സ്‌നേഹിക്കുന്നുവെന്ന് ഉറപ്പിക്കുന്നതിലൂടെ നമ്മെ ശക്തിപ്പെടുത്തുന്നു. ദൈവമേ, അങ്ങയുടെ അനന്തവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ സ്‌നേഹത്തിന്റെ എണ്ണമറ്റ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി!

സംശയവും വിശ്വാസവും

കടുത്ത തലവേദനയോടെയാണ് മാത്യു ഉണര്‍ന്നത്, ഇത് മറ്റൊരു മൈഗ്രെയ്ന്‍ ആണെന്ന് കരുതി. എന്നാല്‍ കിടക്കയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അദ്ദേഹം തറയില്‍ വീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലുമാസത്തെ ചികിത്സയ്ക്കുശേഷം, ചിന്തിക്കാനും സംസാരിക്കാനുമുള്ള കഴിവ് അദ്ദേഹം വീണ്ടെടുത്തു, പക്ഷേ നടക്കുന്നത് അത്യന്തം വേദനാജനകമായിരുന്നു. അദ്ദേഹം പലപ്പോഴും നിരാശയോട് മല്ലിട്ടു, എങ്കിലും ഇയ്യോബിന്റെ പുസ്തകത്തില്‍ നിന്ന് അദ്ദേഹം വലിയ ആശ്വാസം കണ്ടെത്തി.

ഇയ്യോബിന് തന്റെ സമ്പത്തും മക്കളുമെല്ലാം ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ടു. ഭയാനകമായ വാര്‍ത്തകള്‍ കേട്ടിട്ടും, അവന്‍ ആദ്യം ദൈവത്തെ പ്രതീക്ഷയോടെ നോക്കി, എല്ലാറ്റിന്റെയും ഉറവിടമായി അവനെ സ്തുതിച്ചു. ദുരന്തസമയങ്ങളില്‍ പോലും അവന്‍ ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിച്ചു (ഇയ്യോബ് 1:21). അവന്റെ ശക്തമായ വിശ്വാസത്തില്‍ നാം അത്ഭുതപ്പെടുന്നു, പക്ഷേ ഇയ്യോബും നിരാശയോടു പൊരുതി. ആരോഗ്യം നഷ്ടപ്പെട്ടതിനുശേഷം (2:7), താന്‍ ജനിച്ച ദിവസത്തെ ശപിച്ചു (3:1). തന്റെ വേദനയെക്കുറിച്ച് അവന്‍ തന്റെ സുഹൃത്തുക്കളോടും ദൈവത്തോടും സത്യസന്ധമായി സംസാരിച്ചു. എന്നിരുന്നാലും, നല്ലതും ചീത്തയും ദൈവത്തിന്റെ കൈയില്‍ നിന്നാണെന്ന് അവന്‍ അംഗീകരിച്ചു (13:15; 19:25-27).

നമ്മുടെ കഷ്ടതകളില്‍, നിരാശയുടെയും പ്രത്യാശയുടെയും സംശയത്തിന്റെയും വിശ്വാസത്തിന്റെയും മധ്യേ നാം ചാഞ്ചാടുന്നതായി നാം കാണുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ നാം ശക്തരായി നില്‍ക്കണമെന്ന്് ദൈവം ആവശ്യപ്പെടുന്നില്ല, പകരം നമ്മുടെ ചോദ്യങ്ങളുമായി അവങ്കലേക്ക് വരാന്‍ നമ്മെ ക്ഷണിക്കുന്നു. ചില സമയങ്ങളില്‍ നമ്മുടെ വിശ്വാസം പരാജയപ്പെട്ടേക്കാമെങ്കിലും, ദൈവം എല്ലായ്‌പ്പോഴും വിശ്വസ്തനായിരിക്കുമെന്ന് നമുക്കു ദൈവത്തെ വിശ്വസിക്കാം.

സംസാരിക്കാന്‍ കഴിയാത്ത മനുഷ്യന്‍

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഒരു സദനത്തില്‍ തന്റെ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ഒരു മനുഷ്യന്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഒരു സംഘം കൗമാരക്കാര്‍ യേശുവിനെക്കുറിച്ച് പാടുന്നത് സന്തോഷത്തോടെ ശ്രദ്ധിച്ചു. പിന്നീട്, ചില കൗമാരക്കാര്‍ അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചപ്പോള്‍, അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിയില്ലെന്ന് അവര്‍ കണ്ടെത്തി. ഹൃദയാഘാതം സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കവര്‍ന്നുകളഞ്ഞു.

ആ വ്യക്തിയുമായി സംഭാഷണം തുടരാന്‍ അവര്‍ക്ക് കഴിയാത്തതിനാല്‍, കൗമാരക്കാര്‍ അദ്ദേഹത്തിനുവേണ്ടി പാടാന്‍ തീരുമാനിച്ചു. അവര്‍ പാടാന്‍ തുടങ്ങിയപ്പോള്‍ അത്ഭുതകരമായ എന്തോ ഒന്ന് സംഭവിച്ചു. സംസാരിക്കാന്‍ കഴിയാത്ത ആ മനുഷ്യന്‍ പാടാന്‍ തുടങ്ങി. ഉത്സാഹത്തോടെ, തന്റെ പുതിയ ചങ്ങാതിമാര്‍ക്കൊപ്പം ''നീ എത്ര ഉന്നതന്‍'' എന്ന് അദ്ദേഹം പാടി.

എല്ലാവര്‍ക്കും വളരെ ശ്രദ്ധേയമായ ഒരു നിമിഷമായിരുന്നു അത്. ദൈവത്തോടുള്ള ഈ മനുഷ്യന്റെ സ്‌നേഹം പ്രതിബന്ധങ്ങളെ മറികടന്ന് ശ്രവ്യമായ ആരാധനയായി മാറി - ഹൃദയംഗമമായ, സന്തോഷകരമായ ആരാധന.

നമുക്കെല്ലാവര്‍ക്കും കാലാകാലങ്ങളില്‍ ആരാധനാ തടസ്സങ്ങളുണ്ട്. ഒരുപക്ഷേ ഇത് ബന്ധത്തിലുണ്ടായ ഒരു വിള്ളലോ, സാമ്പത്തിക പ്രശ്നമോ ആയിരിക്കാം. അല്ലെങ്കില്‍ ദൈവവുമായുള്ള ബന്ധത്തില്‍ അല്‍പ്പം തണുപ്പ് വ്യാപിക്കുന്ന ഒരു ഹൃദയമായിരിക്കാം ഇത്.

നമ്മുടെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹത്വത്തിനും പ്രതാപത്തിനും ഏത് പ്രതിബന്ധത്തെയും തരണം ചെയ്യാന്‍ കഴിയുമെന്ന് നമ്മുടെ ഊമനായ സുഹൃത്ത് ഓര്‍മ്മിപ്പിക്കുന്നു. 'എന്‍ കര്‍ത്താവേ, നിന്‍ കരങ്ങള്‍ നിര്‍മ്മിച്ച ലോകമെല്ലാം എന്‍ കണ്‍കള്‍ കാണ്‍കയില്‍!''

നിങ്ങളുടെ ആരാധനയില്‍ പോരാട്ടം അനുഭവിക്കുന്നുണ്ടോ? 96-ാം സങ്കീര്‍ത്തനം പോലുള്ള ഒരു ഭാഗം വായിച്ചുകൊണ്ട് നമ്മുടെ ദൈവം എത്ര വലിയവനാണെന്ന് ചിന്തിക്കുക, നിങ്ങള്‍ക്കും നിങ്ങള്‍ നേരിടുന്ന തടസ്സങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പകരം സ്തുതി കണ്ടെത്താന്‍ കഴിയും.

ഇടയ്ക്കിടെയുള്ള പ്രാര്‍ത്ഥന

ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ്, ഞാനും കുടുംബവും ഉച്ചഭക്ഷണത്തിനായി ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ വാഹനം നിര്‍ത്തി. വെയിറ്റര്‍ ഞങ്ങളുടെ ഭക്ഷണം മേശപ്പുറത്ത് വച്ചപ്പോള്‍, എന്റെ ഭര്‍ത്താവ് അവനെ നോക്കി അവന്റെ പേര് ചോദിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു, ''ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഞങ്ങള്‍ കുടുംബമായി പ്രാര്‍ത്ഥിക്കാറുണ്ട്. ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ എന്തെങ്കിലും വിഷയം ഉണ്ടോ?' ഞങ്ങള്‍ക്ക് ഇപ്പോള്‍ പരിചയപ്പെട്ട സഞ്ജയ്, ആശ്ചര്യവും ഉത്കണ്ഠയും കലര്‍ന്ന ഒരു നോട്ടം സമ്മാനിച്ചു. ഒരു ചെറിയ നിശബ്ദതയ്ക്കുശേഷം, ഓരോ രാത്രിയും അവന്‍ തന്റെ സുഹൃത്തിന്റെ കട്ടിലിലാണ് ഉറങ്ങുന്നതെന്ന് അവന്‍ പറഞ്ഞു. അവന്റെ ബൈക്ക് കേടായി, അവന്‍ തകര്‍ന്നിരിക്കുന്നു.

ദൈവം തന്റെ സ്‌നേഹം സഞ്ജയിനോടു കാണിക്കാന്‍ എന്റെ ഭര്‍ത്താവ് നിശബ്ദമായി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്, പരിശുദ്ധാത്മാവ് നമ്മുടെ വിഷയം ഏറ്റെടുക്കുകയും ദൈവവുമായി നമ്മെ ബന്ധിപ്പിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതിന് സമാനമാണെന്നു ഞാന്‍ ചിന്തിച്ചു. നമ്മുടെ ഏറ്റവും ആവശ്യമുള്ള നിമിഷങ്ങളില്‍, ജീവിതം സ്വന്തമായി കൈകാര്യം ചെയ്യാന്‍ നമുക്ക് യാതൊരു കഴിവുമില്ലെന്ന് മനസ്സിലാക്കുമ്പോള്‍, ദൈവത്തോട് എന്തു പറയണമെന്ന് അറിയാത്തപ്പോള്‍ ''ആത്മാവു വിശുദ്ധര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നു'' (റോമര്‍ 8:27). ആത്മാവ് പറയുന്നത് ഒരു നിഗൂഢതയാണ്, എന്നാല്‍ ഇത് എല്ലായ്‌പ്പോഴും നമ്മുടെ ജീവിതത്തിനായുള്ള ദൈവഹിതവുമായി യോജിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ട്.

മറ്റൊരാളുടെ ജീവിതത്തില്‍ ദൈവത്തിന്റെ മാര്‍ഗനിര്‍ദ്ദേശം, കരുതല്‍, സംരക്ഷണം എന്നിവയ്ക്കായി അടുത്ത തവണ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ നിങ്ങളുടെ നാമം അറിയുകയും നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ശ്രദ്ധിക്കുകയും ചെയ്യുന്ന ദൈവത്തിലേക്ക് ഉയര്‍ത്തപ്പെടുന്നുവെന്ന് ആ ദയാപ്രവൃത്തി നിങ്ങളെ ഓര്‍മ്മപ്പെടുത്തട്ടെ.